കലൂര്‍ സ്റ്റേഡിയം അപകടം: സുരക്ഷാ പാഠങ്ങള്‍ക്ക് വേണ്ടിയുള്ള ഒരു മുന്നറിയിപ്പ്
ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുകള്‍ക്ക് ഒരു പാഠമാകേണ്ടതാണ് എറണാകുളം കലൂര്‍ സ്റ്റേഡിയത്തില്‍ നൃത്ത പരിപാടിക്കിടെ കഴിഞ്ഞ ദിവസമുണ്ടായ അപകടം. വേദിയില്‍ നിന്ന് കാല്‍ വഴുതി 15 അടി താഴ്ചയിലേക്ക് വീണ ശ്രീമതി ഉമാ തോമസ് എം.എല്‍.എ എത്രയും വേഗം സുഖം പ്രാപിച്ചു വരട്ടെയെന്ന് പ്രര്‍ത്ഥിക്കുന്നു. മതിയായ സുരക്ഷയില്ലാതെയാണ് വേദി പണിതതെന്ന് അപകടത്തിന്റെ ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ഇത്രയും ഉയരത്തില്‍ വേദി സജ്ജീകരിച്ചപ്പോള്‍ അതിഥികള്‍ക്ക് നടക്കാനും സ്വതന്ത്രമായി പെരുമാറാനുമുള്ള സ്ഥലം കൂടി വേണമായിരുന്നു. അഥവാ അതിനുള്ള സ്ഥലം അവിടെയുണ്ടായില്ലെങ്കില്‍ സുരക്ഷയ്ക്ക് ഉപകാരപ്പെടുന്നവിധം ശക്തമായ വേലികള്‍ സ്ഥാപിക്കേണ്ടിയിരുന്നു. ഇനി അതും സാധ്യമല്ലെങ്കില്‍ അപകടസാധ്യത മനസിലാക്കി അതിഥികളെ നിയന്ത്രിക്കാന്‍ ആവശ്യത്തിന് വൊളന്റിയര്‍മാരെ നിയോഗിക്കാമായിരുന്നു. വേദിക്ക് താഴെ സെലിബ്രിറ്റികളെ നയിക്കാന്‍ കരുത്തരായ ബോഡിഗാര്‍ഡുമാരുണ്ടായിരുന്നത് പരിപാടിയുടെ വീഡിയോകളില്‍ കാണാം. അതിന്റെ പകുതി പോലും സുരക്ഷ വേദിയില്‍ ഒരുക്കാന്‍ ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിന് കഴിഞ്ഞില്ലെന്നത് തികഞ്ഞ പരാജയമാണ്. എം.എല്‍.എ വീണ് അപകടം സംഭവിച്ചപ്പോഴാണ് മാധ്യമങ്ങളും അധികൃതരും അമിതാവേശത്തോടെ പ്രശ്‌നത്തില്‍ ഇടപെട്ടത്.
ഒരു സാധാരണക്കാരനാണ് ഇങ്ങനെ അപകടം സംഭവിച്ചിരുന്നതെങ്കില്‍ ആരെങ്കിലും അവരെ തിരിഞ്ഞു നോക്കുമോ? അപകടത്തില്‍ പെട്ടയാള്‍ എറണാകുളത്ത് ഏതെങ്കിലും സര്‍ക്കാര്‍ ആശുപത്രിയില്‍ മരണത്തോട് മല്ലിട്ട് ഇപ്പോഴും കിടക്കുന്നുണ്ടാകും.
അപകടം സംഭവിച്ചശേഷം പരിശോധനകളും നിര്‍ദ്ദേശങ്ങളും നിയന്ത്രണങ്ങളുമൊക്കെ അടിച്ചേല്‍പ്പിക്കുന്നതില്‍ കാര്യമില്ല. ഈ പരിശോധനകളും നിയന്ത്രണങ്ങളുമെല്ലാം ആദ്യമേ യഥാവിധി നടത്തിയിരുന്നെങ്കില്‍ ഈ അപകടം തന്നെ ഒഴിവാക്കാമായിരുന്നു. ഇനിയെങ്കിലും ഇക്കാര്യങ്ങളില്‍ ബന്ധപ്പെട്ടവര്‍ കടുത്ത ജാഗ്രത പാലിക്കണം.